ഒമാനിലെ മൂന്ന് സ്ഥലങ്ങളിൽ നാച്ച്വറൽ റിസർവ് പ്രഖ്യാപിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും സസ്യങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്. അൽ ജബൽ അൽ ഗർബി, അൽ ദാഹിറ, വഹത് അൽ ബുറൈമി എന്നിവിടങ്ങളിലാണ് പുതിയ നാച്ച്വറൽ റിസർവുകൾ ആരംഭിക്കുക.
വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ സംരക്ഷിക്കുകയും അതുവഴി പ്രദേശത്തിന് പ്രകൃതിദത്തമായ സന്തുലിതാവസ്ഥ സൃഷ്ടിക്കുകയും പ്രകൃതിദത്ത ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന് പരിസ്ഥിതി അധികൃതർ വ്യക്തമാക്കി. നോർത്ത് അൽ ബത്തിന-അൽ ബുറൈമി ഗവർണറേറ്റുകൾക്ക് ഇടയിലായി ഒമാൻ്റെ വടക്ക് ഭാഗത്താണ് അൽ ജബൽ അൽ ഗർബി നാച്ച്വറൽ റിസർവ്. 485 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ളതാണ് നാച്ച്വറൽ റിസർവ്. ഒമാനി ലിസാർഡിൻ്റെ സാന്നിധ്യത്തിന് പേരുകേട്ട ഈ പ്രദേശത്ത് 17 ഇനം കാട്ടുപക്ഷികളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അൽ ബുറൈമി, നോർത്ത് അൽ ബത്തിന, അൽ ദാഹിറ എന്നീ മൂന്ന് ഗവർണറേറ്റുകളിലാണ് വാഹത് അൽ ബുറൈമി നാച്ച്വറൽ റിസർവ് സ്ഥിതിചെയ്യുന്നത്. അറേബ്യൻ ഐബെക്‌സിന് പുറമെ 80 ഇനം സസ്യങ്ങളും 17 ഇനം പക്ഷികളും ചില ഇനം ഉരഗങ്ങളും ഈ പ്രദേശത്തുണ്ട്. അൽ ദാഹിറ ഗവർണറേറ്റിലാണ് അൽ ദാഹിറ നാച്ച്വറൽ റിസർവ് സ്ഥിതി ചെയ്യുന്നത്. ശീതകാല ദേശാടനത്തിനിടയിൽ ഹുബാറ ബസ്റ്റാർഡിന്റെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നായ ഇവിടെ 70-ലധികം ഇനം വന്യ സസ്യങ്ങളും വലിയ സസ്‌തനികളും ഉള്ളതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.