കുവൈത്തിൽ നാല് വർഷത്തിനിടെ റദ്ദാക്കിയത് മൂന്ന് ലക്ഷം ഡ്രൈവിങ് ലൈസൻസുകളെന്ന് റിപ്പോർട്ട്. മരിച്ചവർ, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോയവർ, നാടുകടത്തപ്പെട്ടവർ എന്നിവരുടേത് ഉൾപ്പെടെയുള്ള കണക്കാണിത്. 2020-ൽ 50,000, 2021-ൽ 88,925, 2022-ൽ ഒരു ലക്ഷം, 2023-ൽ 53,083 എന്നിങ്ങനെയാണ് ലൈസൻസുകൾ റദ്ദാക്കിയത്.
രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസൻസുകളാണ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവയിൽ ഏകദേശം എട്ട് ലക്ഷത്തോളം ലൈസൻസുകൾ വിദേശികളുടെ പേരിലാണ്. ഇതിന്റെ എണ്ണം കുറക്കുന്നതിനായി പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷമായി ചുരുക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് വർഷമായിരുന്നു ലൈസൻസ് കാലാവധി. ഓരോ വർഷവും ലൈസൻസ് പുതുക്കണമെന്നാണ് പുതിയ നിയമം.
രണ്ട് വർഷം രാജ്യത്ത് ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാർ ശമ്പളവും ബിരുദവുമുള്ള പ്രവാസികൾക്കാണ് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ അനുമതിയുള്ളത്. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്തുള്ള ഈ യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസ് സറണ്ടർ ചെയ്യുകയും വേണമെന്നാണ് നിയമം. എന്നാൽ പലരും ലൈസൻസ് റദ്ദാക്കാറില്ല. ഇത്തരത്തിൽ ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്കെതിരായ നടപടിയും രാജ്യത്ത് തുടരുകയാണ്. കൂടാതെ കുവൈത്ത് റസിഡൻസി റദ്ദാക്കിയ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകളും റദ്ദാക്കപ്പെടും.