ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനി മൂന്ന് നാള് കൂടി. ആരാധകരും താരങ്ങളും ഖത്തറിലേക്ക് എത്തുകയാണ്. ആവേശം വാനോളമുയര്‍ത്തി മെസ്സിയും സംഘവും അര്‍ജന്റീനയുടെ ടീമിനൊപ്പം ചേര്‍ന്നു. യുഎഇയുമായുളള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകളുടെ വിജയം നേടിയ ആത്മവിശ്വാസത്തോടെയാണ് മെസ്സി ഉള്‍പ്പെട്ട സംഘം പൂര്‍ണ ടീമിനൊപ്പം ചേര്‍ന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് പരിശീലകന് ലയണെല്‍ സ്കലോനിയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയുടെ അദ്യസംഘം ഖത്തറിലെത്തിയിരുന്നു. അതേസമയം തോല്‍വി അറിയാത്ത 36 തുടര്‍ വിജയങ്ങളുമായെത്തുന്ന അര്‍ജന്റീനയ്ക്ക് ലോകകപ്പിലും തേരോട്ടം തുടരാനാകുമെന്നാണ് പ്രതീക്ഷ. 35 വിജയമെന്ന ബ്രസീലിന്റെ നേട്ടം മറികടന്നാണാണ് അര്‍ജന്റീനയുടെ കുതിപ്പ്.
അതേസമയം ഉദ്ഘാടന മത്സരത്തിന് മുമ്പേ കളത്തിന് പുറത്തെ പോരാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഖത്തറിലെ മലയാളികള്‍ ഉള്‍പ്പടെ ഇന്ത്യക്കാരെ വിലക്കെടുത്താണ് ലോകകപ്പ് ആവേശം കൂട്ടുന്നതെന്ന യൂറോപ്യന്‍ മാധ്യമ പ്രചാരണങ്ങള്‍ക്ക് ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാദര്‍ മറുപടിയുമായെത്തി. മലയാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് ഫുട്ബോള്‍ വികാരമെന്നും കേരളത്തില്‍ ഫുട്ബോളിന് മുന്‍നിര സ്ഥാനമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.