നാട്ടിൽ നിന്ന് സൗദിയിലേയ്ക്ക് വരുന്നവർക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ. അംഗീകാരമില്ലാത്ത മരുന്നുകൾ കൈവശം വെക്കുന്നവർ പിടിയിലാകുന്ന സാഹചര്യത്തിൽ നാട്ടിൽ നിന്ന് വരുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
രാജ്യത്തേയ്ക്ക് വരുമ്പോൾ സൗദി ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റി അംഗീകരിച്ചിട്ടുള്ള മരുന്നുകൾ മാത്രമേ കൈവശം കരുതാൻ പാടുള്ളു. ഈ മരുന്നുകൾക്ക് ഡോക്ടർമാരുടെ കൃത്യമായ കുറിപ്പടികളും കൈവശം സൂക്ഷിക്കണം. കൂടാതെ രോഗവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ നിർബന്ധമായും കരുതണമെന്നും നിർദേശത്തിലുണ്ട്.
ഗൾഫ് രാജ്യങ്ങളിലേയ്ക്ക് വരുന്ന പ്രവാസികൾ സ്വന്തം ഉപയോഗത്തിനും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഉപയോഗത്തിനുമായി നിരവധി മരുന്നുകളുമാണ് യാത്ര തിരിക്കുന്നത്. എന്നാൽ കൊണ്ടുവരുന്ന മരുന്നുകൾ അംഗീകാരമില്ലാത്തതാണെങ്കിൽ പിടിക്കപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അവയിൽ നിന്നും മോചിതരാകാൻ വളരെ സമയമെടുക്കുമെന്നും സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.