ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കത്ത് ചർച്ചയാകുന്നു. ഈ വിഷയം ദേശീയമാധ്യമങ്ങളിലടക്കം വാർത്തയാകുകയും ചെയ്തു. ഇത്തരത്തിൽ ഒരു ആവശ്യം വിദ്യാർഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്നും ഇക്കാര്യം ചർച്ച ചെയ്യാമെന്ന് വിദ്യാർഥികളെ അറിയിച്ചതായും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത്. കത്തിൽ 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെ ഒപ്പുകളുണ്ട്. ജൂൺ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ കത്ത് ഇങ്ങനെ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ ബാച്ചുകളിലായുള്ള മുസ്ലിം വിഭാഗത്തിലുള്ള പെൺകുട്ടികളെ ഓപ്പറേഷൻ തിയേറ്ററിൽ തല മറയ്ക്കാൻ അനുവദിക്കാത്ത സാഹചര്യത്തെ അഭിമുഖീകരിക്കാനാണ് ഈ കത്ത്. ഏതൊരു സാഹചര്യത്തിലും മുസ്ലിം സ്ത്രീകൾ തല മറയ്ക്കണം എന്നതാണ് മതവിശ്വാസ പ്രകാരം നിഷ്കർഷിക്കുന്നത്. ഹോസ്പിറ്റൽ മാനദണ്ഡങ്ങൾ അനുസരിച്ചും ഓപ്പറേഷൻ റൂം നിർദ്ദേശങ്ങൾ പിന്തുടർന്നും ഹിജാബ് ധരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ലോകത്തിൻറെ മറ്റ് പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങൾ നൽകുന്ന കമ്പനികൾ ഉണ്ട്. നീളമുള്ള കൈകളുള്ള സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയിൽ ലഭ്യവുമാണ്. ഈ വിഷയത്തിലേക്ക് ശ്രദ്ധ നൽകണമെന്നും ഞങ്ങൾക്ക് നീളമുള്ള കൈകളോട് കൂടിയ സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹുഡും ഓപ്പറേഷൻ തിയറ്ററിൽ ധരിക്കാൻ അനുവാദം നൽകണമെന്നും അപേക്ഷിക്കുന്നു. എനിക്കൊപ്പം സമാനമായ രീതിയിൽ ഈ പ്രശ്നം അഭിമുഖീകരിക്കുന്ന വിദ്യാർത്ഥിനികളും ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.