14 വര്‍ഷം മുൻപ് വിവാഹമോചനം നേടിയവർ വീണ്ടും വിവാഹിതരാകുകയാണ്. ആലപ്പുഴ കുടുംബ കോടതിയിലാണ് ഈ വേറിട്ട സംഭവം നടന്നത്. ആലപ്പുഴ കുതിരപ്പന്തി അശ്വസി നിവാസില്‍ സുബ്രഹ്മണ്യ(57)വും കുതിരപ്പന്തി രാധാനിവാസില്‍ കൃഷ്ണകുമാരി(50)യും വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കുടുംബകോടതി ജഡ്ജിയുടെയും, അഭിഭാഷകരുടെയും ഉപദേശങ്ങൾ സ്വീകരിച്ച് മകളുടെ നല്ല ഭാവിയെ കരുതിയാണ് വീണ്ടും വിവാഹിതരാകാൻ ഇവർ തീരുമാനിച്ചത്. റിട്ട.നഴ്സിങ് അസിസ്റ്റന്റാണ് സുബ്രഹ്മണ്യം. കൃഷ്ണകുമാരി അങ്കണവാടി ജീവനക്കാരിയും.
2006 ആഗസ്റ്റ് ആഗസ്റ്റ് 31നായിരുന്നു ഇവരുടെ വിവാഹം. 2008 -ൽ ഇവർക്കൊരു പെൺകുട്ടി ജനിച്ചു. 2010 മാർച്ച് 29ന് ആലപ്പുഴ കുടുംബകോടതി മുഖേന വിവാഹമോചിതരായി. മകള്‍ക്ക് ജീവനാംശം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കൃഷ്ണകുമാരി വീണ്ടും കുടുംബ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജഡ്ജി വിദ്യാധരന് ചോദിച്ച ചോദ്യമാണ് വീണ്ടുമൊരു വിവാഹത്തിന് കളമൊരുങ്ങാൻ കാരണം. പുനര്‍വിവാഹം കഴിക്കാത്ത ഇരുവരോടും വീണ്ടും ഒരുമിച്ചു ജീവിച്ചുകൂടെ എന്നായിരുന്നു ആ ചോദ്യം. ഇരു കക്ഷികളുടെയും അഭിഭാഷകര്‍ കൂടി മുന്‍കയ്യെടുത്തതോടെ വീണ്ടുമൊരു വിവാഹത്ത് ഒരുങ്ങി. ഇരുവരും അടുത്ത ദിവസം തന്നെ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യും.