യുഎഇയിലെ ശൈത്യകാല ടൂറിസം കാമ്പയിനിൻ്റെ നാലാം പതിപ്പിന് തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ക്യാമ്പയിൻ എന്ന പേരിൽ 2020-ലാണ് രാജ്യം ക്യാമ്പയിൻ ആരംഭിച്ചത്.
യുഎഇയിലുടനീളമുള്ള ദ്വീപുകൾ, ബീച്ചുകൾ, ബസാറുകൾ എന്നിവയുൾപ്പെടെയുള്ള സാംസ്കാരിക കേന്ദ്രങ്ങളുടെ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പങ്കവെച്ച ഷെയ്ഖ് മുഹമ്മദ് ലോകത്തിലെ എല്ലാവരെയും ശൈത്യകാല കാമ്പയിനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും കുറിച്ചു. 2031-ഓടെ രാജ്യത്തിൻ്റെ സാമ്പത്തികമേഖലയ്ക്ക് 45,000 കോടി ദിർഹം സംഭാവന ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് ദേശീയ ടൂറിസം മേഖലയിൽ ശൈത്യകാല ടൂറിസം കാമ്പയിൻ ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണത്തെ ശൈത്യകാല കാമ്പയിനിൽ മറക്കാനാവാത്ത കഥകൾ എന്ന പ്രമേയത്തിൽ വൈവിധ്യമാർന്ന പരിപാടികളുടെ ഒരു പരമ്പര തന്നെയാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ശൈത്യകാലത്ത് സമൃദ്ധിയുടെ പറുദീസയായ യുഎഇയുടെ വിനോദസഞ്ചാരമേഖല സഞ്ചാരികൾക്ക് പ്രകൃതിദത്ത പ്രദേശങ്ങളും മരുപ്പച്ചകളും പർവ്വതങ്ങളുമെല്ലാം ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ആഭ്യന്തര വിനോദസഞ്ചാരികൾക്കായുള്ള ഏറ്റവും വലിയ കാമ്പയിൻ കൂടിയാണിത്.