ഷാർജയിൽ സർക്കാർ ജോലിക്കുള്ള ഉയർന്ന പ്രായപരിധി നീക്കി പുതിയ ഉത്തരവ്. ഇതുപ്രകാരം 18 മുതൽ 60 വയസ് വരെയുള്ളവർക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കായി അപേക്ഷിക്കാൻ സാധിക്കും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. സാമൂഹിക സുരക്ഷ ഫണ്ട് നിയമ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ സർക്കാറിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാരായ 45 ഉദ്യോഗാർത്ഥികളെ നിയമിക്കാനും സുൽത്താൻ നിർദേശിച്ചിട്ടുണ്ട്. ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയൻ സർവീസസ്, മാനവവിഭവശേഷി വകുപ്പ്, ഷാർജ യൂനിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ പുതിയ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.