പ്രവാചകനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ആൾ കുവൈത്തിൽ അറസ്റ്റിലായി. ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതിയെ അറസ്റ്റുചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. വിദ്വേഷ പ്രചാരണം, പ്രവാചകനിന്ദ എന്നിവക്കെതിരെ ശക്തമായ നിലപാടുള്ള രാജ്യമാണ് കുവൈത്ത്.
ക്ലബ് ഹൗസ് വഴി പ്രവാചകൻറെ വിവാഹത്തെക്കുറിച്ച് മോശമായി സംസാരിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കഴിഞ്ഞ വർഷം ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചക നിന്ദയിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.