ഒരു കപ്പ് കാപ്പി ജീവിതം തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് ഒരു അറബ് പഴമൊഴി. അറബ് ജീവിതത്തിൽ അത്രമേൽ ആഴവും സ്വാധീനവുമുണ്ട് കാപ്പി എന്ന പാനീയത്തിന്. പൈതൃകത്തിൻ്റേയും സംസ്കാരത്തിൻ്റേയും മാത്രമല്ല, ആതിഥ്യമര്യാദയുടെ ഭാഗം കൂടിയാണത്. സൂഫി ചരിത്രങ്ങളിലും കാപ്പിക്ക് ചെറുതല്ലാത്ത പങ്കുണ്ട്. മറ്റ് ഗൾഫ്, അറബ് രാജ്യങ്ങളിലെന്നപോലെ യുഎഇയിലും അറബിക് കോഫി പൗരന്മാരോട് കാണിക്കുന്ന ആദരത്തിൻ്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
ഒരു കപ്പ് കാപ്പി സഹിഷ്ണുതയുടെയും അനുരഞ്ജനത്തിൻ്റേയും അടയാളമായാണ് കരുതുന്നത്. ഒരു അതിഥിക്ക് കാപ്പി നൽകിയില്ലെങ്കിൽ അനാദരവായും വിലയിരുത്തപ്പെടും. വലിയ വിരുന്നുകളിൽ പ്രായവും ബഹുമാന്യതയും കണക്കിലെടുത്താണ് കാപ്പിസത്കാരം. ഇതിനിടെ വിനയവും ബഹുമാനവും സൂചിപ്പിക്കുന്ന പദങ്ങൾ ഉരുവിടുന്നതും പരമ്പരാഗത അറബ് രീതിയാണ്. അതുകൊണ്ടുതന്നെ അറബ് ലോകത്ത് കാപ്പിക്ക് ലഭ്യമാകുന്ന സാമൂഹിക പദവിയും ചെറുതല്ല
വെറുതേ കുടിക്കുന്നതല്ല കാപ്പി
ഓരോ അറബിനാട്ടിലും കാപ്പികുടിക്ക് ചില ചിട്ടവട്ടങ്ങൾ നിലവിലുണ്ട്. കാപ്പി തയ്യാറാക്കുന്നത് മുതൽ കപ്പുകളിൽ വിളമ്പുന്നതുവരെ പരമ്പരാഗത മര്യാദകൾ പാലിക്കുന്നതാണത്. ഡള്ള എന്ന പിച്ചള പാത്രത്തിൽ നിന്ന് അലങ്കരിച്ച സെറാമിക് കപ്പുകളിലേക്കാണ് കാപ്പി പകരുക. കപ്പ് നിറയും വരെ വിളമ്പാറില്ല. കപ്പ് സോസറില്‍ വച്ചാല്‍ വീണ്ടും കാപ്പി പകർന്നുകൊണ്ടേയിരിക്കും. മതിയെന്ന ആംഗ്യത്തോടെ കപ്പ് കമഴ്ത്തി വയ്ക്കും വരെ ഈ രീതി തുടരും. അതിഥികൾ മൂന്ന് കപ്പ് കാപ്പി വരെയാണ് സ്വീകരിക്കുക. എന്നാൽ ചർച്ചകളിലും മറ്റും അനസ്യൂതം കാപ്പികുടി നീളുന്നതും പതിവാണ്.
തയ്യാറാക്കുന്ന വിധം
കൊട്ടകളിലും മറ്റുമായി ശേഖരിക്കുന്ന കാപ്പി ബീൻസുകൾ പ്രത്യേക തവയിലിട്ട് വറുത്തെടുക്കുന്നതാണ് ആദ്യപടി. നീളൻ ചട്ടുകത്തിന് സമാനമായ മഹാസ് എന്ന ഉപകരണം ഉപയോഗിച്ച് ബീൻസുകൾ ചുവന്ന നിറമൊ തവിട്ടുനിറൊ ആകും വരെ ഇളക്കിയെടുക്കും. വറുത്തെടുത്ത ബീൻസുകൾ നജ്ർ അൽ ഹജൻ എന്ന പരന്ന പാറ ഉപയോഗിച്ചാണ് പൊടിച്ചെടുക്കുകയും പാത്രങ്ങളിൽ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും. മണ്ണിൽ തയ്യാറാക്കുന്ന അടുപ്പുകളിലാണ് കാപ്പി പാകം ചെയ്യുന്നത്. തിളപ്പിച്ച വെളളത്തിനുളളിൽ ഏലക്കയും മറ്റുസുഗന്ധവ്യഞ്ജനങ്ങളും ചേർക്കുന്നതും പതിവാണ്. പിച്ചള പാത്രത്തിൽ കാപ്പി തയ്യാറാക്കിയ ശേഷമാണ് കപ്പുകളിലേക്ക് പകരുക.
കാപ്പിയുടെ ചരിത്രം
എത്യോപ്യയിലാണ് കാപ്പിയുടെ ഉദയമെന്നാണ് ചരിത്രസൂചനകൾ. ഇവിടെനിന്നും സോമാലി കച്ചവടക്കാര്‍ ആദ്യമായി യമനിലേക്ക് കാപ്പിയെത്തിച്ചുവെന്നും പതിനഞ്ചാം നൂറ്റാണ്ടോടെ കാപ്പി ലോകം മുഴുവന്‍ പരക്കുകയായിരുന്നുവെന്നും കണക്കാക്കപ്പെടുന്നു.കാപ്പി ബീന്‍സ് വെള്ളത്തിലിട്ട് തിളപ്പിച്ച് അല്‍ഖഹ്‌വയെന്ന പാനീയം ഉണ്ടാക്കുന്നതായിരുന്നു യമനികളുടെ ആദ്യകാലരീതി. പിന്നീടത് മക്കയിലേക്കും മറ്റ് അറബ് നാടുകളിലേക്കും വ്യാപിച്ചു. ബി.സി 850ല്‍ യമനി ആട്ടിടയന്‍മാരാണ് എത്യോപ്യയില്‍ കാപ്പിച്ചെടി കണ്ടെത്തിയതെന്ന മറ്റൊരു കഥയുമുണ്ട്. ഒരു ചെടി തിന്ന ആടുകള്‍ അസാമാന്യമായ ഉന്‍മേഷം കാട്ടിയെന്നും അത് കാപ്പിയുടെ കണ്ടെത്തലിലേക്ക് നയിച്ചുവെന്നുമാണ് കഥ.
കാലം മാറിയപ്പോൾ പരമ്പരാഗത രീതികൾക്ക് മാറ്റം വന്നെങ്കിലും കാപ്പി നൽകുന്ന പ്രൌഡി ചെറുതല്ല. പിൽക്കാലത്ത് അറബിക് കാപ്പി രുചിവൈവിധ്യങ്ങളുമായി വാണിജ്യാടിസ്ഥാനത്തിൽ വിപണികളിലേക്കെത്തി. സൌദി കാപ്പിയെന്നും തുർക്കിഷ് കാപ്പിയെന്നുമൊക്കെ പലനാമങ്ങളിലാണ് അറബിക് കാപ്പി വിപണി കീഴടക്കുന്നത്. പേരെന്തായാലും മധുരത്തിനൊപ്പം സ്നേഹം കൂടി ചാലിക്കുന്ന കാപ്പിക്ക് ലോകമെങ്ങും ആരാധകരേറെയുണ്ട്.