ആകാശത്ത് വിരിയുന്ന അത്ഭുത പ്രതിഭാസമായ ജെമിനിഡ് ഉൽക്കവർഷം ഒമാനിലും ദൃശ്യമാകും. നാളെ അർധ രാത്രിയിലും വ്യാഴാഴ്‌ച പുലർച്ചെയുമായാണ് ഉൽക്കവർഷ പ്രതിഭാസം ഏറ്റവും കൂടുതൽ ദൃശ്യമാകുകയെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി അറിയിച്ചു.
ചന്ദ്രപ്രകാശമില്ലെങ്കിൽ എല്ലാ മണിക്കൂറുകളിലും ജെമിനിഡ് ഉൽക്കകളെ കാണാൻ സാധിക്കും. പ്രത്യേക നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കാതെ നഗ്നനേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസം കാണാൻ സാധിക്കും. എല്ലാ വർഷവും ഡിസംബർ ഏഴ് മുതൽ 17 വരെ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ ഭൗമാന്തരീക്ഷത്തിൽ എത്താറുണ്ട്.
2020-ൽ ഒമാനി അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ അംഗങ്ങൾ 1,063 ജെമിനിഡ് ഉൽക്കകളെ നിരീക്ഷിച്ചിരുന്നു. അന്ന് പുലർച്ചെ ഒരു മണിക്കും 1.59-നും ഇടയിലായി മണിക്കൂറിനുള്ളിൽ 227 ഉൽക്കകളാണ് ദൃശ്യമായത്. ഇപ്രാവശ്യം ഇതേ മണിക്കൂറിൽ 120 ഉൽക്കകൾ എത്തുത്തുമെന്നാണ് വിലയിരുത്തൽ.