കുവൈത്തിലെ ജിസിസി റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിന്റെ ഭാഗമായി ടെൻഡർ ഉറപ്പിക്കുന്നതിനോടനുബന്ധിച്ച് ടെക്നിക്കൽ ബിഡ് തുറന്നുള്ള പരിശോധനാനടപടികൾ പൂർത്തിയാക്കി. കമ്പനികൾ സമർപ്പിച്ച രേഖകൾ പരിശോധിക്കുവാൻ പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആന്റ് ട്രാൻസ്പോർട്ടേഷന് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ബിഡ് പരിശോധന പൂർത്തിയാക്കി കരാർ ഉടൻ ഉറപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ആദ്യഘട്ടത്തിൽ സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിന്ന് കുവൈറ്റ് സിറ്റി വരെയാണ് റെയിൽ പാത നിർമ്മിക്കുന്നത്. ജനങ്ങളുടെ യാത്രയും ജി.സി.സി അംഗരാജ്യങ്ങളിലെ വാണിജ്യ-വ്യാപാര നീക്കങ്ങൾ സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗൾഫ് റെയിൽവേ പദ്ധതിക്ക് രൂപം നൽകിയത്. ഇത് മറ്റ് ഗതാഗത മാർഗവുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് കുറക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.