ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ 28-ാം എഡിഷന് നാളെ ദുബായിൽ തുടക്കമാകും. സുസ്ഥിര നഗരമായ എക്സ്പോ സിറ്റിയിലാണ് കോപ് 28 ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ലോകനേതാക്കൾ ഒത്തുചേരുന്ന സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്.
കാലാവസ്ഥ വ്യതിയാനം, കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള നടപടികൾ, കാലാവസ്ഥ ധനകാര്യം തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടിയിൽ ചർച്ചകൾ നടക്കും. ചാൾസ് രാജാവ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി, യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുർക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവർക്കൊപ്പം വിവിധ അറബ് ഭരണാധികാരികളും സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സമ്മേളനത്തിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ വർഷം പങ്കെടുക്കില്ലെന്ന് ഇന്നലെ ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
സമ്മേളനവേദി ബ്ലൂ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. രാഷ്ട്രനേതാക്കളുടെ കൂടിക്കാഴ്ചകളും ചർച്ചകളും നടക്കുന്നത് ബ്ലൂ സോണിലായിരിക്കും. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ഈ വേദിയിൽ പ്രധാന ചടങ്ങുകൾ ഒരുക്കിയിട്ടുള്ളത്. പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കും തെരഞ്ഞെടുത്ത മാധ്യമങ്ങൾക്കും മാത്രമാണ് ഈ സോണിലേക്ക് പ്രവേശനം അനുവദിക്കുക. ഗ്രീൻ സോണിൽ ഡിസംബർ മൂന്ന് മുതൽ ആരംഭിക്കുന്ന പരിപാടികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
നാളെ മുതൽ ഡിസംബർ 12 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ലോകത്ത് നിലനിൽക്കുന്ന എല്ലാ മേഖലകളും പ്രശ്നങ്ങളും ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യും.