2030ലെ ഇസ്ലാമിക ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായി ലുസൈൽ നഗരത്തെ തെരഞ്ഞെടുത്തു. ഖത്തറിൽ വച്ച് നടന്ന ഇസ്ലാമിക് വേൾഡ് എജുക്കേഷനൽ, സയന്റിഫിക്, കൾചറൽ ഓർഗനൈസേഷൻ (ഇസെസ്കോ) സംഘടിപ്പിച്ച ഇസ്ലാമിക രാഷ്ട്രങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ 12ാമത് സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനം.
2024 മുതൽ 2030 വരെ ആറുവർഷത്തേക്ക് ആറ് നഗരങ്ങളെയാണ് ഇസ്ലാമിക ലോകത്തെ സാംസ്കാരിക തലസ്ഥാനങ്ങളായി തെരഞ്ഞെടുക്കുക. 2024ൽ അസർബൈജാനിലെ ഷുഷയും 2025ൽ ഉസ്ബകിസ്താനിലെ സമർഖന്ദുമായിരിക്കും ഇസ്ലാമിക ലോകത്തെ സാംസ്കാരിക തലസ്ഥാനങ്ങൾ. കൂടാതെ 2026 ൽ പലസ്തീനിലെ ഹെബ്രോണും ഐവറികോസ്റ്റിലെ അബിജാനും 2027ൽ ഈജിപ്തിലെ സിവയുമായിരിക്കും സാംസ്കാരിക തലസ്ഥാനങ്ങളുടെ ചുമതല വഹിക്കുക. 2030ലാണ് ഖത്തറിലെ പുതുനഗരമായ ലുസൈൽ സാംസ്കാരിക നഗരമെന്ന പദവിയി വഹിക്കുക. ഖത്തറിന്റെ പൈതൃകത്തിൽ നിന്നും സാംസ്കാരിക മൂല്യങ്ങളിൽ നിന്നും രൂപപ്പെട്ട ലുസൈൽ എന്ന പേരുള്ള പുതിയ നഗരം സാംസ്കാരിക വിളക്കുമാടമായാണ് കണക്കാക്കപ്പെടുന്നത്.
നാല് ദ്വീപുകളും 19 വിവിധോദ്ദേശ്യ പാർപ്പിട മേഖലകളും വിനോദ, വാണിജ്യ കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് 38 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള ലുസൈൽ നഗരം. 22 ലോകോത്തര ഹോട്ടലുകളാണ് ഈ നഗരത്തിലുള്ളത്. മാത്രമല്ല, ഖത്തറിന്റെ ആതിഥ്യ മര്യാദ, വിനോദസഞ്ചാരം, നിക്ഷേപങ്ങൾ എന്നിവയുടെ പ്രതിഫലമായാണ് ലുസൈൽ നഗരത്തെ ഇസ്ലാമിക ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായി തിരഞ്ഞെടുത്തത്.
ഉന്നത നിലവാരത്തിലുള്ള ഷോപ്പുകൾ, റെസിഡൻഷ്യൽ സ്പേസുകൾ, ഓഫിസുകൾ, ഹോട്ടലുകൾ, ഫൈൻ ഡൈനിങ് റസ്റ്റാറന്റുകൾ, പാർക്കുകൾ, വാട്ടർ ഗാർഡനുകൾ, തിയറ്ററുകൾ, മൾട്ടി സ്ക്രീൻ സിനിമാശാലകൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ എന്നിവയാൽ ലുസൈൽ നഗരം വേറിട്ട് നിൽക്കുന്നു. മാത്രമല്ല, സമീപഭാവിയിൽ തന്നെ ലുസൈൽ മ്യൂസിയവും തുറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.