ഒമാന്റെ പൈതൃകം വിളിച്ചോതുന്ന സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ ഫെബ്രുവരി 25 ന് ആരംഭിക്കും. പൈതൃക വിനോദസഞ്ചാര മന്ത്രാലയം, തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ച് നടത്തുന്ന വർണാഭമായ പരിപാടിക്ക് മാർച്ച് ഒമ്പതിനാണ് തിരശ്ശീല വീഴുക. സൂർ വിലായത്തിന്റെ ചരിത്രപരവും സമുദ്രപരവുമായ പൈതൃകവും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്കിനെയും രണ്ടാഴ്ചത്തെ മഹോത്സവം ഉയർത്തിക്കാട്ടുമെന്ന് ഗവർണറുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
സമുദ്ര പൈതൃകഗ്രാമം, വർക്ക്ഷോപ്പുകൾ, പ്രഭാഷണങ്ങൾ, കരകൗശല വ്യവസായങ്ങൾക്കുള്ള വിഭാഗം, വിനോദ സാംസ്കാരിക പരിപാടികൾ, ലേസർ ഷോകൾ, ഗെയിമുകൾ, കുട്ടികളുടെ മത്സരങ്ങൾ, കവിത സായാഹ്നങ്ങൾ, തേൻ, ഈത്തപ്പഴ പ്രദർശനം, പരമ്പരാഗത കലാപരിപാടികൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. എല്ലാ പ്രായത്തിലുള്ള വിഭാഗക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് പരിപാടികൾ രൂപകൽപന ചെയ്തിരിക്കുന്നത്.
പ്രാദേശിക സമുദ്രവിഭവങ്ങളുടെ പ്രദർശനം, പാരാഗ്ലൈഡിങ്, വാട്ടർ സ്പോർട്സ്, കാർണിവെൽ, ഫുഡ് കാർണിവൽ എന്നിവയും പരിപാടികളുടെ ഭാഗമായി ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷം 72,000ത്തിലധികം ആളുകളാണ് സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിൽ പങ്കെടുത്തത്. ഈ വർഷം ഇതിനേക്കാൾ കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.