93-ാമത് സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ വ്യോമ, നാവിക സംഘം അഭ്യാസപ്രകടനങ്ങൾ നടത്തുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജിദ്ദയിലെ വാട്ടർഫ്രണ്ടിൽ ജലനൗകകൾ, നാവിക കപ്പലുകൾ, മറൈൻ സെക്യൂരിറ്റി ബോട്ടുകൾ എന്നിവ ഉൾപ്പെടുന്ന പരേഡ്, ഹെലികോപ്റ്ററുകൾ നടത്തുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ, സൈനിക വാഹനങ്ങളുടെ പരേഡ്, ആയുധ പ്രദർശനം എന്നിവയും നടക്കും.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഈസ്റ്റേൺ, വെസ്റ്റേൺ ഫ്‌ളീറ്റുകളിൽ റോയൽ സൗദി നേവിയുടെ പ്രത്യേക നേവൽ പരേഡ്, മറ്റ് പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. കൂടാതെ സൗദി ഹ്വാക്സ് എയ്റോബാറ്റിക് ടീമും പ്രകടനങ്ങൾ നടത്തും. റോയൽ എയർ ഫോഴ്സിന്റെ ഭാഗമായുള്ള ടൈഫൂൺ, F-15, ടൊർണാഡോ മുതലായ വിവിധ ജെറ്റ് വിമാനങ്ങൾ സൗദി അറേബ്യയിലെ പതിമൂന്ന് നഗരങ്ങളിൽ പ്രത്യേക വ്യോമാഭ്യാസ പ്രകടനങ്ങൾ കാഴ്ച്ചവെക്കും.
റിയാദ്, ജിദ്ദ, ധഹ്‌റാൻ, ദമാം, അൽ ജൗഫ്, ജുബൈൽ, അൽ അഹ്‌സ, തായിഫ്, അൽ ബാഹ, തബൂക്, അബ്ഹ, ഖമീസ് മുശൈത്, അൽഖോബാർ എന്നീ സൗദി നഗരങ്ങളിലാണ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്.