ഭിന്നശേഷിക്കാരുടെ ദൈനംദിന ജീവിതം എളുപ്പമാക്കുന്ന സാങ്കേതികവിദ്യകളുടെ പ്രദർശനമായ ആക്സസ് എബിലിറ്റീസ് എക്സ്പോ ഒക്ടോബറിൽ ദുബായിൽ നടക്കും. എക്സ്പോയിൽ 50 രാജ്യങ്ങളിൽ നിന്നായി 300 അന്താരാഷ്ട്ര പ്രദർശകരും ബ്രാൻഡുകളും പുനരധിവാസ കേന്ദ്രങ്ങളും പങ്കെടുക്കും. ഒക്ടോബർ ഏഴ് മുതൽ ഒൻപത് വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലാണ് പ്രദർശനം സംഘടിപ്പിക്കുക.
ഭിന്നശേഷിക്കാരുടെ ദൈനംദിന ജീവിതം എളുപ്പമാക്കുന്നതിന് സഹായിക്കുന്ന വിവിധ നൂതന സംവിധാനങ്ങളാണ് എക്സ്പോയിൽ പരിചയപ്പെടുത്തുക. 70-ലധികം രാജ്യങ്ങളിൽ നിന്നായി 14,000ത്തിലധികം സന്ദർശകരെയാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. ഭിന്നശേഷിക്കാരെ പിന്തുണയ്ക്കുന്നതിലും ശാക്തീകരിക്കുന്നതിലും ആഗോളതലത്തിൽ യുഎഇയുടെ സ്ഥാനം ഉയർത്താൻ സഹായിക്കുന്നതാണ് എക്സ്പോയെന്നാണ് സംഘാടകർ വ്യക്തമാക്കിയത്.
നാഥ് അൽ ഷിബ പി.ആർ ആന്റ് ഇവന്റ് മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മേളയുടെ മുഖ്യരക്ഷാധികാരി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻ്റും ദുബായ് എയർപോർട്സ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമാണ്.