കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യപിച്ചതിന് പിന്നാലെ മികച്ച ബാലനടിക്കുള്ള അവാർഡിനെ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. തന്മയ സോളാണ് ഇത്തവണത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയത്.
പട്ടം സർക്കാർ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ചന്തവിള തടത്തിൽ ബ്രദേഴ്സ് ലെയിൻ അച്ചാമ്മയുടെ വീട്ടിൽ അരുൺ സോളിന്റെയും ആശയുടെയും മകളാണ് തന്മയ. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തന്മയയുടെ നേട്ടം.
ദരിദ്രമായ കുടുംബാന്തരീക്ഷത്തിൽ കഴിയുമ്പോഴും കളിക്കൂട്ടുകാരന് താങ്ങായും തുണയായും നിലകൊള്ളുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ സൗഹൃദവും സ്നേഹവും സഹനങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ചതിനാണ് തന്മയയെ ജൂറി തെരഞ്ഞെടുത്തത്. ജൂറി പരാമർശംപോലും മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവന്ദയ്ക്ക് ലഭിച്ചില്ലെന്ന പരാതിയാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. അവസാന റൗണ്ട് വരെ ദേവനന്ദ എത്തിയിരുന്നുവെന്നും ജൂറി വ്യക്തമാക്കി.