ഒമാനിൽ ചൂട് അതിശക്തമാകുകയാണ്. നിലവിൽ 50 ഡിഗ്രി സെൽഷ്യസിനടുത്താണ് രാജ്യത്തെ ചൂട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദാഹിറയിലെ ഹംറാഉ ദ്ദുറൂഅ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 49.3 ഡിഗ്രി സെൽഷ്യസാണെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. അധികം വൈകാതെ രാജ്യത്തെ ചൂട് 50 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, അൽ വുസ്‌ത ഗവർണറേറ്റിലെ ഫഹൂദ് സ്റ്റേഷനിൽ 49.0 ഡിഗ്രി സെൽഷ്യസും അൽ ബുറൈമി ഗവർണറേറ്റിലെ സുനൈന സ്റ്റേഷനിൽ 48.5 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ദാഹിറ ഗവർണറേറ്റിലെ തന്നെ ഇബ്രി സ്റ്റേഷനിൽ 48.3 ഡിഗ്രി സെൽഷ്യസും ലിവ സ്റ്റേഷനിൽ 48.2 ഡിഗ്രി സെൽഷ്യസും നോർത്ത് ബാത്തിന ഗവർണറേറ്റിലെ സുഹാർ സ്റ്റേഷനിലെ താപനില 48.0 ഡിഗ്രി സെൽഷ്യസുമാണെന്നാണ് റിപ്പോർട്ട്.
സൗത്ത് ബാത്തിന ഗവർണറേറ്റിലെ ബർകാഅ് സ്റ്റേഷനിൽ 47.9 ഡിഗ്രി സെൽഷ്യസും നോർത്ത് ബാത്തിന ഗവർണറേറ്റിലെ സഹം സ്റ്റേഷനിൽ 47.6 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ഇതോടെ ചൂട് സഹിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് രാജ്യത്തെ ജനങ്ങൾ. അതേസമയം ഒമാനിൽ പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇപ്പോൾ ഉച്ചവിശ്രമവും അനുവദിച്ചിട്ടുണ്ട്.