ദുബായിലെ എല്ലാ ടാക്‌സികളുടെയും നിരക്ക് പത്ത് ശതമാനം കുറയ്ക്കാനുള്ള തീരുമാനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇന്ധന വിലയില്‍ കുറവ് വന്നതോടെയാണ് നീക്കം. ലിമോസിനുകളും എയർപോർട്ട് ടാക്സികളും മറ്റുള്ളവയും നിരക്ക് കുറയ്ക്കണമെന്നാണ് നിര്‍ദ്ദേശം.
പുതുക്കിയ നിരക്ക് അനുസരിച്ച് കിലോമാറ്ററിന് 2.19 ദിർഹമിന് പകരം 1.97 ദിർഹമായി കുറഞ്ഞു. അതേസമയം കുറഞ്ഞ നിരക്ക് 12 ദിർഹം എന്നതിന് മാറ്റമില്ലെന്നും ആർടിഎ വ്യക്തമാക്കി. പുതിയ താരിഫ് നിലവിൽ വന്നതായും രണ്ട് മാസത്തിലൊരിക്കൽ ടാക്‌സി താരിഫിന്റെ വില ഇന്ധന നിരക്കിന് അനുസൃതമായി പരിഷ്‌ക്കരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
പെട്രോൾ ഡീസല്‍ വിലയില്‍ കഴിഞ്ഞ പതിനൊന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് 2023 ജനുവരിയില്‍ യുഎഇയില്‍ ഉണ്ടായത്. എല്ലാ വിലകളിലും ഏകദേശം 16 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ സൂപ്പർ 98 പെട്രോളിന് 2.78 ദിർഹം, സ്‌പെഷ്യൽ 95ന് 2.67 ദിർഹം, ഡീസലിന് 3.29 ദിർഹം, ഇ-പ്ലസ് 91ന് 2.59 ദിർഹം എന്നിങ്ങനെയാണ് വില.