ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പ്. ആഗോള, ആഭ്യന്തര വിപണിയിലേക്കുള്ള ഐഫോണുകളാണ് ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുക. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിളിന്റെ കരാര്‍ നിര്‍മാണ കമ്പനിയായിരുന്ന വിസ്ട്രോണിന്റെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായതോടെയാണ് ടാറ്റ ഗ്രൂപ്പിന് ഐഫോണ്‍ നിര്‍മാണ രംഗത്തേക്ക് കടന്നുവരാന്‍ അവസരമൊരുങ്ങിയത്.
വെള്ളിയാഴ്ച ചേര്‍ന്ന വിസ്ട്രോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് നല്കാന് തീരുമാനമായത്. കൂടാതെ രണ്ടര വര്‍ഷത്തിനുള്ളില്‍ ടാറ്റ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.