അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പൂർണമായും കയ്യേറിയതോടെ ബാൽഖ് പ്രവിശ്യയിലെ സ്ത്രീകൾക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാൻ കഴിയില്ല എന്ന പുതിയ നിയമം വന്നു.
പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിങ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്ടറേറ്റ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇനി ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. ഇതോടെ എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ ഉള്ളത്. സ്ത്രീകൾക്ക് സർവകാലാശാല വിദ്യാഭ്യാസം നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നിർദ്ദേശം. എല്ലാ ആശുപത്രികളിലും ഇത് സംബന്ധിച്ച പരിശോധനയും ഉണ്ടാകും.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസം വിലക്കുന്ന തരത്തിൽ താലിബാനെടുത്ത നിലപാട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി ഇല്ലാതാവുന്നതിനെ ചൊല്ലി കഴിഞ്ഞയാഴ്ച യുഎൻ സുരക്ഷാ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എത്രയും വേഗം സ്കൂൾ തുറക്കണമെന്നും പെൺകുട്ടികളോടും സ്ത്രീകളോടും താലിബാൻ കാണിക്കുന്ന ഈ നയങ്ങൾ തിരുത്തണം എന്നും യുഎൻ ആവശ്യപ്പെട്ടിരുന്നു.
ഗ്രൂപ്പ് ഓഫ് സെവൻ രാജ്യങ്ങളും താലിബാനോട് വനിതാ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ നിരോധനം എത്രയും വേഗം നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ഇവയൊന്നും തന്നെ താലിബാൻ കണക്കിലെടുത്തിട്ടില്ല.