മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 29ന് വൈകുന്നേരം നടക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ്, പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെക്കുറിച്ച് എൽഡിഎഫ് കൺവീനർ വ്യക്തമാക്കിയത്.
രാജിവച്ച ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മുന്നണി മര്യാദ പാലിച്ചെന്നും പുതിയ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇന്ന് രാവിലെയാണ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗത മന്ത്രി ആന്റണി രാജുവും ക്ലിഫ് ഹൗസിലെത്തി രാജി സമർപ്പിച്ചത്.
രണ്ടര വർഷ ടേം കാലാവധി പൂർത്തിയായതിനെ തുടർന്നാണ് രാജി. കേരള കോൺഗ്രസിൽ ബിയിൽ നിന്ന് കെ ബി ഗണേഷ് കുമാറും കോൺഗ്രസ് എസിൽ നിന്ന് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും.