സുരേഷ് ഗോപി ആശുപത്രിയിൽ ചികിത്സ തേടി എന്ന വാർത്ത പ്രചരിച്ചത് ചൊവ്വാഴ്ച്ചയാണ്. എന്നാൽ ഈ വാർത്ത നിഷേധിക്കുകയാണ് താരം. സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രചരിച്ചത് വ്യജ വാർത്തയാണെന്ന കാര്യം സുരേഷ് ഗോപി വ്യക്തമാക്കിയത്.ആശുപത്രിയിലാണെന്ന തരത്തിൽ പുറത്തുവന്ന വാർത്ത തെറ്റാണെന്നും സുഖ വിവരങ്ങൾ അന്വേഷിച്ച എല്ലാവരോടും നന്ദിയും പറയുന്നുണ്ട് താരം. ഗരുഡൻ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ സുരേഷ് ഗോപി.
“ഞാൻ ആശുപത്രിയാണെന്നുള്ള വാർത്ത തെറ്റാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല, ആലുവ യു സി കോളേജിൽ ഗരുഡൻ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് ഞാനിപ്പോൾ. എന്റെ വിവരം തിരക്കി സന്ദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദി,” സുരേഷ് ഗോപി കുറിച്ചു.
‘ഗരുഡൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ, സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. പരിശോധനയിൽ എല്ലാം സാധാരണ നിലയിൽ ആണെന്നു കണ്ടതോടെ താരം ആശുപത്രി വിട്ടെന്നായിരുന്നു വാർത്ത. നവാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഗരുഡൻ’. ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്.