വേനല്‍ച്ചൂടിന്റെ ഭാഗമായുള്ള തൊഴില്‍ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സൂര്യാഘാതം നേരിട്ട് ശരീരത്തിൽ ഏൽക്കുന്ന ജോലി ചെയ്യുന്നവര്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതല്‍ നാല് മണിവരെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണം. പുറമേയുള്ള സൈറ്റുകളില്‍ ഉച്ചക്ക് 12 മണി മുതല്‍ നാല് മണി വരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. കൂടാതെ നിയമ ലംഘനങ്ങൾ ഫ്രീ ഹോട്ട്ലൈനായ 80001144,17111666 എന്നീ നമ്പറുകളിൽ വിളിച്ച് ആളുകൾക്ക് അറിയിക്കാമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻറൈറ്റ്സ് (എൻ.ഐ.എച്ച്.ആർ) കൂട്ടിച്ചേർത്തു.
അതേസമയം ഇതിനോടകം തന്നെ നിരവധി പരാതികൾ ലഭിച്ചെന്നും നിയമ ലംഘനമെന്ന് കണ്ടെത്തുന്ന കേസുകൾ നടപടിക്കായി റഫർ ചെയ്യുമെന്നും എൻ.ഐ.എച്ച്.ആർ അറിയിച്ചു. എന്നാൽ ഗാർഹിക തൊഴിലാളികൾക്ക് ഈ നിയമം ബാധകമല്ല. പരിശോധനയ്ക്കായി തൊഴിൽ മന്ത്രാലയംഇന്സ്പെക്ടര്മാരെ നിയമിച്ചിട്ടുണ്ട്. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ ഒരു തൊഴിലാളിക്ക് 500 ദീനാര്‍ മുതല്‍ 1000 ദീനാർ വരെയായിരിക്കും പിഴ ചുമത്തുക. അതേസമയം നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് ശേഷം സൂര്യാ ഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞിട്ടുണ്ട്. 2013ലാണ് ഈ ഉത്തരവ് ആദ്യമായി നടപ്പാക്കിയത്.
ബഹ്റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷനും (അൽ ഹുർ) ഇത് സംബന്ധിച്ച് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. യൂണിയൻ പ്രവർത്തകർ കമ്പനികളും വർക്ക്സൈറ്റുകളും സന്ദർശിച്ച് തൊഴിലുടമകളെയും ജീവനക്കാരെയും ശരിയായ രീതിയിൽ ബോധവത്കരിക്കും. ആരോഗ്യ-സുരക്ഷാ പരിപാടികളെക്കുറിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായ അവബോധമില്ലാത്തത് വെല്ലുവിളിയാണ്. തൊഴിലാളികൾക്ക് കുപ്പിവെള്ളവും ലഘുഭക്ഷണവും വിവിധ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്നുമുണ്ട്. കൂടാതെ ബീറ്റ് ദി ഹീറ്റ് 2023 പദ്ധതിയുടെ ഭാഗമായി താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടും ലൈറ്റ് ഓഫ് കൈൻഡ്നെസ് പ്രവർത്തകരും സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.