ഒമാനിൽ ഹലാൽ അല്ലാത്ത ഭക്ഷ്യ വസ്തുക്കൾ വിറ്റാൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി അധികൃതർ. ഫുഡ് സെക്യൂരിറ്റി ആന്റ് ക്വാളിറ്റി സെന്ററാണ് (എഫ്.എസ്.ക്യു.സി) ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഒമാനിലേയ്ക്ക് എത്തുന്ന ചരക്കുകൾ ലബോറട്ടറി വഴി പരിശോധിക്കുകയും നിർദേശിച്ചിരിക്കുന്ന ഗുണനിലവാരവും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതായി എഫ്.എസ്.ക്യു.സി അറിയിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിലും രാജ്യത്തേയ്ക്കുള്ള ഭക്ഷ്യ ഉല്പന്നങ്ങളുടെ ഇറക്കുമതിയിൽ എല്ലാ നിബന്ധനകളും പാലിക്കപ്പെടുന്നുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉല്പന്നങ്ങൾ നിരസിക്കുമെന്നും എഫ്.എസ്.ക്യു.സി ഉദ്യോഗസ്ഥർ അറിയിച്ചു.