‘ദ കേരള സ്റ്റോറിക്ക്’ നിരോധനം ഏർപ്പെടുത്തിയ പശ്ചിമ ബംഗാൾ സർക്കാർ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. തമിഴ്‌നാടിനോട് ചിത്രത്തിന് നേരിട്ടോ അല്ലാതെയോ നിരോധനം ഏർപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചു.
ഈ സിനിമ എല്ലായിടത്തും സമാധാനപരമായി പ്രദർശനം തുടരുകയാണ്. പശ്ചിമ ബംഗാളിന് എന്താണ് ഇത്ര വ്യത്യാസം? പ്രശ്നം ഒരു ജില്ലയിൽ മാത്രമാണെങ്കിൽ പിന്നെ എന്തിനാണ് സംസ്ഥാനത്തുടനീളം സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്?. അധികാര സ്ഥാനങ്ങളിലുള്ളവർ പരസ്യമായി വികാരങ്ങൾ പ്രകടിപ്പിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ നിർമാതാക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. അസഹിഷ്ണുതക്ക് പാത്രമാകുന്ന എല്ലാ വിഷയങ്ങളിലും നിയമപരിരക്ഷയൊരുക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ എല്ലാ സിനിമകൾക്കും ഇത് സംഭവിക്കും. സമാധാനം നിലനിർത്താൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.