പുരാവസ്തുക്കൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ കടൽ വ്യാളിയുടെ തലയോട്ടി സ്വന്തമാക്കാൻ നിങ്ങൾക്കും അവസരമുണ്ട്. ദുബായിലെ ആർട്ട് ഗാലറിയിലാണ് പുരാതന കടൽ വ്യാളിയുടെ തലയോട്ടി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
നാസിമ ടവറിൽ സ്ഥിതി ചെയ്യുന്ന ആർട്ടിഫാക്റ്റം ഗാലറിയിലാണ് കടൽ വ്യാളിയുടെ തലയോട്ടി സൂക്ഷിച്ചിരിക്കുന്നത്. 83 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതാണ് ഈ തലയോട്ടി. മെസോസോയിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ദിനോസറിനെപ്പോലെയുള്ള കടൽ വ്യാളിയായ പ്രോഗ്നാത്തോഡൻ്റെ കേടുപാടുകൾ സംഭവിക്കാത്ത തലയോട്ടി മൊറോക്കോയിൽ നിന്നാണ് കണ്ടെത്തിയത്. 5,00,000 ഡോളറിനാണ് തലയോട്ടി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
ഇതിനുപുറമെ, നിരവധി പുരാതന ജീവികളുടെ അവശിഷ്ടങ്ങളും ആർട്ടിഫാക്റ്റം ഗാലറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നൈൽ നദിയിലെ മുതലകൾ, വിവിധ മൃഗങ്ങളുടെ തലയോട്ടികൾ, ഫോസിൽ ശിൽപങ്ങൾ, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ തുടങ്ങിയവയാണ് ഗ്യാലറിയിലെ പ്രധാന ആകർഷണങ്ങൾ. സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി), കാലാവസ്ഥാ വ്യതിയാനം – പരിസ്ഥിതി മന്ത്രാലയം, ദുബായ് കസ്റ്റംസ് എന്നിവയുൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ആർട്ട് ഗ്യാലറി പ്രവർത്തിക്കുന്നത്.