ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. 2024 ഓഗസ്റ്റ് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധന കാലയളവിൽ ചെമ്മീൻ വ്യാപാരവും കയറ്റുമതിയും അനുവദിക്കില്ലെന്ന് കാർഷിക – മത്സ്യബന്ധന – ജലവിഭവ മന്ത്രാലയം അറിയിച്ചു.
ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുത്പാദനം, സ്വാഭാവിക വളർച്ച എന്നിവ കണക്കിലെടുത്താണ് നിരാധനം ഏർപ്പെടുത്തിയത്. നിരോധനം ലംഘിക്കുന്നവർക്ക് 5,000 ഒമാനി റിയാൽ വരെ പിഴയോ മുന്ന് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. കൂടാതെ ചെമ്മീൻ ബന്ധനത്തിനുപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും മത്സ്യബന്ധന ലൈസൻസ് താത്കാലികമോ സ്ഥിരമായോ റദ്ദാക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
മത്സ്യബന്ധന നിയന്ത്രണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബോധവത്കരണ ക്യംപെയിനുകൾ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോസ്‌റ്റ് ഗാർഡ് ഓഫ് റോയൽ ഒമാൻ പോലീസ്, റോയൽ ഒമാൻ നേവി, മാരിടൈം സെക്യൂരിറ്റി സെന്റർ, തൊഴിൽ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാംപെയ്നുകൾ സംഘടിപ്പിക്കുക.