ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച കുവൈറ്റ് ബാലനായ ബദ്റിന്റെ വിഡിയോ വൈറൽ. ഇത് ശ്രദ്ധയിൽപ്പെട്ട ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തും ഈ ബാലനെ ദുബായിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഇപ്പോൾ.
കുട്ടിയെയും കുടുംബത്തെയും ബുർജ് ഖലീഫ കാണാൻ ക്ഷണിക്കുന്നുവെന്ന് ബദ്റിനെ പരിചയമുള്ളവർ അറിയിക്കണമെന്നാണ് ശൈഖ് ഹംദാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. കുവൈറ്റ് ചാനലായ അൽ ഖബസിനോടാണ് ബദ്ർ എന്ന ബാലൻ ബുർജ് ഖലീഫ കാണാനുള്ള ആഗ്രഹം പങ്കുവെച്ചത്. പിതാവിനും കുടുംബത്തിനുമൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാൻ യുഎഇയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു ബദ്ർ. ഇതിനിടയിൽ ആയിരുന്നു ചാനലിന്റെ റിപ്പോർട്ടറിനോട് ആഗ്രഹം വെളിപ്പെടുത്തിയത്.
ടെലിവിഷനിലൂടെയാണ് ബദ്ർ ബുർജ് ഖലീഫയെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ബുർജ് ഖലീഫ ഉറപ്പായും കാണും. നാലുദിവസം ദുബൈയിൽ ചെലവഴിക്കുകയും ചെയ്യുമെന്ന് ബദ്ർ പറഞ്ഞു. അതേസമയം സമൂഹ മാധ്യമങ്ങളിൽ അതിവേഗം ശ്രദ്ധിക്കപ്പെട്ട വിഡിയോ നിരവധിപേർ കാണുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇമാർ ഗ്രൂപ് ഉന്നത ഉദ്യോഗസ്ഥനായ മുഹമ്മദ് അൽ അബ്ബാർ നേരത്തേ ബുർജ് ഖലീഫ കാണാൻ കുട്ടിയെ ക്ഷണിച്ചിരുന്നു.