ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന് മൂന്നാമത്തെ കുഞ്ഞ് പിറന്നു. മകന് മുഹമ്മദ് എന്ന് പേരിട്ടു. ഇൻസ്റ്റഗ്രാമിലൂടെയാണ് ദുബായ് കിരീടാവകാശി സന്തോഷ വിവരം പങ്കുവച്ചത്.
രണ്ട് കൈകൾക്ക് മുകളിൽ ഒരു കുഞ്ഞിൻ്റെ പാദങ്ങൾ വരച്ച ഒരു ചിത്രവും കുറിപ്പിനൊപ്പമുണ്ട്. കുഞ്ഞിന് മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം എന്ന് പേരിട്ടതായും പോസ്റ്റിൽ വ്യക്തമാക്കി. ഇരട്ടകുട്ടികളുടെ പിതാവ് കൂടിയാണ് ശൈഖ് ഹംദാൻ.
ശൈഖ് ഹംദാനും ഭാര്യ ഷെയ്ഖ ബിൻത് സയീദ് ബിൻഥാനി ആൽ മക്തൂമിനും 2021 മെയ് 21നാണ് ഇരട്ടകുട്ടികൾ പിറന്നത്. ഇവരിൽ ആൺകുഞ്ഞിന് റാഷിദെന്നും പെൺകുഞ്ഞിന് ശൈഖ എന്നുമാണ് പേര്.
രാജകുടുംബാംഗങ്ങൾ ഉൾപ്പടെ നിരവധി അളുകൾ മാതാപിതാക്കൾക്കും കുഞ്ഞിനും ആശംസകൾ അറിയിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴിയും നിരവധിപ്പേർ ആശംസ പങ്കുവെക്കുന്നുണ്ട്.