ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗും ഇടതുപക്ഷവും ചേർന്ന് നയിച്ച ജനാധിപത്യ മുന്നണിക്ക് അട്ടിമറി വിജയം. 14 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പതിമൂന്ന് സീറ്റുകളും ജനാധിപത്യ മുന്നണി സ്വന്തമാക്കി. അസോസിയേഷന്റെ പ്രസിഡന്റായി കെ.എം.സി.സിയുടെ നിസാർ തളങ്കരയും ജന. സെക്രട്ടറിയായി മാസിൻ്റെ ശ്രീപ്രകാശ് പുരയത്തും ട്രഷററായി ഷാജി ജോണും തിരഞ്ഞെടുക്കപ്പെട്ടു.
അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിൽ പാനൽ തിരഞ്ഞെടുക്കപ്പെടുന്നത്. ഇനി അടുത്ത രണ്ട് വർഷം ഷാർജ ഇന്ത്യൻ അസോസിയേഷനെ ജനാധിപത്യ മുന്നണി നയിക്കും. നിലവിലെ പ്രസിഡന്റ് വൈ.എ. റഹീമിനെ തോൽപിച്ചാണ് ശ്രീപ്രകാശ് പുരയത്ത് പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഘട്ടം മുതൽ നിസാർ തളങ്കരയുടെയും മതേതര മുന്നണിയുടെ ഇ.പി ജോൺസന്റെയും വോട്ടിങ് നിലയിൽ നേരിയ വിത്യാസമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അവസാന ഘട്ടത്തിൽ നിസാർ വിജയമുറപ്പിക്കുകയായിരുന്നു.
കക്ഷി രാഷ്ട്രീയമല്ല മറിച്ച് പ്രവാസികളുടെ ക്ഷേമമാണ് ലക്ഷ്യമെന്നും അതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും ജനാധിപത്യ മുന്നണി വ്യക്തമാക്കി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിയ്ക്ക് ആകെ ഒരു സീറ്റിലാണ് വിജയിക്കാൻ സാധിച്ചത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ 1,374 പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.