ഷാർജയിൽ ‘കനഫ്’ പദ്ധതി ശക്തമാക്കാനൊരുങ്ങി സർക്കാർ. പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിനായി ഷാർജ സർക്കാർ ആരംഭിച്ച പദ്ധതിയാണ് കനഫ്. ലൈംഗികമായും ശാരീരികമായും മാനസികമായും പീഡനമേൽക്കുന്ന കുട്ടികളുടെ പുനരധിവാസമാണ് പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 2020-ൽ ആരംഭിച്ച പദ്ധതി ഇപ്പോൾ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പീഡനങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സാമൂഹിക സുരക്ഷയും നിയമപരവും മാനസികവുമായ പിന്തുണയും വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. സ്വദേശി കുട്ടികൾക്ക് പുറമെ ഷാർജയിൽ താമസിക്കുന്ന പ്രവാസികളായ കുട്ടികൾക്കും പദ്ധതിയുടെ സേവനങ്ങൾ ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
സേഫ് എഗെയ്ൻ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി സമൂഹത്തിൽ മാറ്റത്തിന് തുടക്കമിടുമെന്നും അധികൃതർ വിലയിരുത്തി. കുട്ടികളുമായി ബന്ധപ്പെട്ട പീഡനങ്ങൾ 800700 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കാമെന്നും നിർദേശത്തിലുണ്ട്.