മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഷാർജയിൽ വിദ്യാർത്ഥികൾക്ക് നാളെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു. എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കുമാണ് വിദൂര പഠനം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം.
രാജ്യത്തുടനീളമുള്ള പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്ത് നാളെ യുഎഇയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും എല്ലാ ഫെഡറൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധിത വിദൂര പഠനത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കൂടാതെ, ഷാർജ സ്പോർട്സ് കൗൺസിൽ തിങ്കളാഴ്ച സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന എല്ലാ മത്സരങ്ങളും കായിക പ്രവർത്തനങ്ങളും റദ്ദാക്കി. സ്പോർട്സ് ക്ലബ്ബുകളിലെ വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികളുടെയും കളിക്കാരുടെയും പൊതുസുരക്ഷ സംരക്ഷിക്കുന്നതിനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.