ഷാര്‍ജ എമിറേറ്റിസിലെ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കം. ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. വീടുകൾക്ക് പുറമെ മറ്റ് കെട്ടിടങ്ങളും ബിസിനസ് േകന്ദ്രങ്ങളും സന്ദര്‍ശിക്കും. പ്രാഥമിക വിവര ശേഖരണത്തിന്‍റെ ഭാഗമായി പരിശീലനം ലഭിച്ച 300 ഉദ്യോഗസ്ഥരാണ് രംഗത്തുളളത്.
എമിറേറ്റിലെ ജനസംഖ്യ സംബന്ധിച്ച് കൃത്യത വരുത്തുന്നതിനും വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനും വേണ്ടിയാണ് കണക്കെടുപ്പെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് വ്യക്തമാക്കി. നവംബർ 20ന് ആദ്യഘട്ടം അവസാനിക്കും.
ജനസംഖ്യാ കണക്കെടുപ്പിനൊപ്പം കുടുംബനാഥന്റെ ദേശീയത, കുടുംബാംഗങ്ങളുടെ എണ്ണം, പ്രായം, ഓരോ അംഗത്തിന്റെയും അക്കാദമിക് യോഗ്യതകൾ, തൊഴിൽ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ആശയവിനിമയത്തിനുള്ള പ്രാഥമിക ഭാഷ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സെൻസസ് ടീം ശേഖരിക്കും.
കെട്ടിടങ്ങളെക്കുറിച്ച് തയ്യാറാക്കുന്ന പട്ടികയില്‍ പേര്, തരം, നിലകളുടെ എണ്ണം, പ്രവേശന കവാടങ്ങൾ, എന്നിവയ്ക്കൊപ്പം താമസത്തിനായി ഉപയോഗിക്കുന്നതൊ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതൊ എന്നതും രേഖപ്പെടുത്തും. പാർപ്പിടത്തെക്കുറിച്ചുള്ള വിവരങ്ങളിൽ മുറികളുടെ എണ്ണം, സവിശേഷതകൾ എന്നിവയും ഉൾപ്പെടും. വാണിജ്യ കെട്ടിടമാണെങ്കില്‍ പ്രവർത്തനരീതി, തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം, അവരുടെ ദേശീയത എന്നിവ ഉൾപ്പെടുന്നുണ്ട്.
സ്വദേശികൾക്കൊപ്പം പ്രവാസികളും കണക്കെടുപ്പിന്‍റെ ഭാഗമാകണം. സെന്‍സസിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സെൻസസിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ ഷാർജയുടെ സമഗ്ര വികസന പദ്ധതിയുടെ അവിഭാജ്യ ഘടകമാണെന്നുംനയ രൂപീകരണങ്ങളിലും വികസന പദ്ധതി രൂപീകരണങ്ങളിലും നിര്‍ണായകമാകുമെന്നും അതോറിറ്റി വ്യക്തമാക്കി. കണക്കെടുപ്പിന്‍റെ വിവിധ ഘട്ടങ്ങൾ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ പൂര്‍ണ വിവരങ്ങൾ സര്‍ക്കാറിന് കൈമാറും.