ഷാർജ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്തത് 28 ലക്ഷം പേരെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഷാർജ വിമാനത്താവളം നൽകുന്ന സേവനങ്ങളിലെ യാത്രക്കാരുടെ വിശ്വാസമാണ് നേട്ടമായതെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി വ്യക്തമാക്കി. ഷാർജ വിമാനത്താവളത്തെ മികച്ച അഞ്ച് പ്രാദേശിക വിമാനത്താവളങ്ങളിൽ ഒന്നാക്കി മാറ്റാനുള്ള നീക്കങ്ങൾക്ക് പുതിയ കണക്കുകൾ പ്രചോദനമാകുമെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു.
30 രാജ്യങ്ങളിൽ നിന്നായി 17,700 വിമാന സർവിസുകളിലായാണ് ഇത്രയും യാത്രക്കാരെ ഷാർജ വിമാനത്താവളം സ്വീകരിച്ചത്. ഖത്തർ തലസ്ഥാനമായ ദോഹയാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ.12,40,000 പേരാണ് ഷാർജ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്തത്. തിരുവനന്തപുരം, ധാക്ക, അമ്മാൻ, കെയ്‌റോ എന്നീ നഗരങ്ങളാണ് തൊട്ടു പിന്നിൽ.