സൗദിയിൽ ഒക്ടോബർ 13 (വെള്ളി) വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മക്ക, മദീന, വടക്കൻ അതിർത്തി, അൽ-ജൗഫ്, തബൂക്ക്, തായിഫ്, മെയ്സാൻ, അദം, അൽ-അർദിയാത്ത്, അസീർ, അൽബാഹ, അൽജാമും, അൽകമൽ, ജിസാൻ എന്നീ മേഖലകളിൽ ശക്തമായ മഴയ്ക്കും വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുള്ളതായാണ് വിലയിരുത്തുന്നത്.
ഈ പ്രദേശങ്ങളിൽ ആലിപ്പഴം പൊഴിയുന്നതിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഈ കാലയളവിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നുണ്ട്.
രാജ്യത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്‌വരകൾ മുതലായ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഉടൻ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറണമെന്നും ഇത്തരം മേഖലകളിലേയ്ക്ക് ജനങ്ങൾ പോകരുതെന്നും ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.