ഹജ്ജ് സീസണിന് മുന്നോടിയായി ഒമാനില്‍ ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു. ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയമാണ് ഫീസ് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്. ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ നവംബർ അഞ്ചിന് തന്നെ പൂർത്തിയായതായും 34,126 അപേക്ഷകൾ രാജ്യത്ത് നിന്നും ഈ വർഷം ഹജ്ജ് നിർവ്വഹണത്തിനായി ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.
ഒമാനിൽ നിന്ന് മദീനയിലേക്ക് വിമാനമാർഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലുമാണ് ഫീസിനത്തിൽ നൽകേണ്ടത്. മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലും നൽകേണ്ടിവരും. മിനയിലെയും അറഫാത്തിലെയും ക്യാമ്പുകൾക്കുള്ള സേവന ഫീസ്, ടെന്റ് ഉപകരണങ്ങൾ, ആരോഗ്യ ഇൻഷുറൻസ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവർധിത നികുതി, ഹജ്ജ് കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള ചെലവ്, ഒമാനികൾ അല്ലാത്തവർക്ക് വിസ ഫീസ് എന്നിവ ഉൾപ്പെടെയാണിത്.
ഈ വർഷം ലഭിച്ച ഹജ്ജ് അപേക്ഷകരിൽ 31,064 പേർ ഒമാനികളും 3,062 പ്രവാസികളുമാണ്. ഇവരിൽ നിന്ന് 14,000 പേരെയാണ് ഹജ്ജ് നിർവ്വഹണത്തിനായി ഈ വർഷം ഒമാനിൽ നിന്ന് തിരഞ്ഞെടുക്കുക. ഇതിൽ ആദ്യമായി ഹജ്ജ് ചെയ്യുന്നവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, അർബുദം ബാധിച്ചവർ തുടങ്ങിയവർക്കാണ് മുൻഗണന നൽകുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.