വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ ക്രെയിനും കപ്പലിൽ നിന്ന് ഇറക്കി. ഏഴുമണിക്കൂർ എടുത്താണ് ക്രെയിൻ ബർത്തിൽ എത്തിച്ചത്. തുടർന്ന് ക്രെയിൻ യാർഡിലെ റെയിലിൽ സ്ഥാപിച്ചു. എന്നാൽ ആദ്യ ഘട്ടത്തിൽ ക്രെയിൻ ഇറക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ ഉണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ കപ്പലിൽ നിന്ന് ക്രെയിൻ ഇറക്കുന്നത് ഇന്നലെ തടസപ്പെട്ടിരുന്നു.
അതേസമയം കപ്പൽ ചൈനയിലേക്ക് മടങ്ങേണ്ട സമയം കഴിഞ്ഞതിനാൽ വൻ സാമ്പത്തിക ബാധ്യതയാണ് ഓരോ ദിവസവും നിർമ്മാണ കമ്പനിക്ക് ഉണ്ടാകുന്നത്. ശനിയാഴ്ച ക്രെയിൻ ഇറക്കാനുള്ള ശ്രമം രണ്ടു തവണ പരാജയപ്പെട്ടു. ബർത്തിനടുത്ത് ശക്തമായ തിരയടിക്കുന്നതാണ് തടസം സൃഷ്ടിച്ചത്. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ രണ്ടാമത്തെ യാഡ് ക്രെയിൻ ഇറക്കാൻ രാവിലെ ശ്രമം തുടങ്ങി.
ഇത് കൂടാതെ നൂറ് മീറ്ററോളം നീളമുള്ള ഷിപ്പ് ടു ഷോർ ക്രയിനാണ് ഇനി ഇറക്കാൻ ഉള്ളത്. കടൽ ശാന്തമായാൽ നാല് ദിവസം കൊണ്ട് ക്രയിനുകൾ യാഡിൽ സ്ഥാപിക്കാൻ കഴിയും എന്നാണ് വിലയിരുത്തുന്നത്. ക്രയിനുകൾ ഇറക്കിയതിന് ശേഷം ഷെൻഹുവ 15 കപ്പൽ ഇന്നലെ ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു കരാർ. സമയക്രമം തെറ്റിയതോടെ ദിനംപ്രതി 20ലക്ഷം രൂപ ചൈനീസ് കമ്പനിക്ക് അദാനി പോർട്സ് പിഴയായി നൽകേണ്ടി വരും.