സൌദി പൌരൻമാർക്ക് വിസ ഇല്ലാതെ മൂന്ന് രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി എംബസി അധികൃതർ. അൽബേനിയ,കൊസോവോ, മോണ്ടിനെഗ്രോ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാനാണ് അനുമതി. 2023 അവസാനം വരെ അനുമതി ലഭ്യമാകുമെന്നും അൽബേനിയയിലെ ടിറാനയിലുളള സൌദി എംബസി വ്യക്തമാക്കി.
ഡിസംബർ 31 വരെയാണ് അൽബേനിയയിലേക്ക് പ്രവേശിക്കാനുളള അനുമതി. വർഷം മുഴുവനും കൊസോവോയിലും പ്രവേശിക്കാം. എന്നാൽ ഒക്‌ടോബർ 31 വരെ ടൂറിസ്റ്റ് ഗ്രൂപ്പിലെ അംഗമെന്ന നിലയിൽ വിസ ഇല്ലാതെ മോണ്ടിനെഗ്രോയിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നും എംബസി വിശദീകരിച്ചു. സൗദി പൗരന്മാർക്ക് മോണ്ടിനെഗ്രോയിലേക്ക് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകളിൽ സൗദി അറേബ്യയിൽ നിന്ന് നേരിട്ടുള്ള വിമാനം വഴി രാജ്യത്ത് എത്തേണ്ടതുണ്ടെന്നും എംബസി ഓർമ്മിപ്പിച്ചു.
യാത്ര സംഘടിപ്പിക്കുന്ന മോണ്ടിനെഗ്രോയിലെ ഒരു ടൂറിസ്റ്റ് ഓഫീസിൽ നിന്നുള്ള ക്ഷണക്കത്തിന് പുറമേ, സൗദികൾ താമസ ചെലവുകൾ അടച്ചതിന്റെ തെളിവും രാജ്യത്തിലേക്കുള്ള മടക്ക ടിക്കറ്റും കൊണ്ടുവരണം. അതേസമയം ഷെങ്കൻ വിസ, യുഎസ് വിസ, യുകെ വിസ, ഓസ്‌ട്രേലിയൻ വിസ എന്നിവ മുഖേനയും പൗരന്മാർക്ക് ഈ മൂന്ന് രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ അവസരമുണ്ട്.