സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡൻ്റ് വിസകൾ വിസകൾ ക്യൂ.ആർ കോഡ് രീതിയിലേക്ക് മാറുന്നു. പാസ്പോർട്ടിൽ വിസ പതിക്കുന്നത് ഒഴിവാക്കി ക്യൂ.ആർ കോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിൻറ് ചെയ്ത പേപ്പറുകളാണ് ഇനി മുതൽ നൽകുക. സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
2023 മെയ് ഒന്നു മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽവരും. ഇന്ത്യക്ക് പുറമെ യുഎഇ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കാണ് പുതിയ രീതി ബാധകമാവുക. യാത്രയ്ക്കെത്തുന്നവർ ക്യൂ. ആർ കോഡ് പതിച്ച പേപ്പർ കയ്യിൽ കരുതണം. ഇത് സ്കാൻ ചെയ്യുന്നതിൽനിന്നാണ് വിസ വിവരങ്ങൾ അധികൃതർ മനസ്സിലാക്കുക.
വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു.ഈ വർഷം മുതൽ ഹജ്ജ് വിസക്ക് ഏർപ്പെടുത്തിയ അതേ നടപടിക്രമമാണ് മറ്റ് വിസകളിലും നടപ്പാക്കുകയെന്ന് ഡൽഹിയിലെ സൗദി കോൺസുലേറ്റും അറിയിച്ചു.