ആശുപത്രിയിലെ ബില്ലടച്ചില്ലെന്ന കാരണത്താൽ മൃതദേഹം പിടിച്ചുവയ്ക്കുന്നതിന് എതിരെ മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രാലയം. പണം നൽകാനുണ്ടെന്ന കാരണം പറഞ്ഞ് മൃതദേഹങ്ങൾ തടഞ്ഞുവയ്ക്കരുത്. കൂടാതെ രോഗികളെ വിട്ടയയ്ക്കാതിരിക്കുന്നതും തിരിച്ചറിയൽ രേഖകൾ വിട്ടുകൊടുക്കാതിരിക്കലും നിരോധിക്കപ്പെട്ടതാണെന്നും ഇത് ഗുരുതര നിയമലംഘനമാണെന്നും മന്ത്രാലയം ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ അറിയിച്ചു.
മൃതദേഹങ്ങൾ കൈമാറ്റം ചെയ്യുന്നത്, രോഗികളുടെയോ നവജാത ശിശുക്കളുടെയോ ഡിസ്ചാർജ് എന്നിവ വ്യക്തിക്കോ അയാളുടെ രക്ഷിതാവിനോ മരണപ്പെട്ടയാളുടെ ബന്ധുക്കൾക്കോ ഉള്ള അവകാശമാണെന്ന് സ്വകാര്യ ആരോഗ്യ നിയമത്തിലെ ആർട്ടിക്കിൾ 30 ഇൽ പറയുന്നുണ്ട്. ഇതിനായി ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക നടപടിക്രമങ്ങൾ ഉപാധിയാക്കിയിട്ടില്ല.
കൂടാതെ പണത്തിന് പകരമായി സാമ്പത്തിക ബോണ്ടുകളിൽ ഒപ്പിടാൻ നിർബന്ധിക്കാനും ആശുപത്രികൾക്ക് അധികാരമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇത്തരം ലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് ആരോഗ്യ സ്ഥാപനങ്ങളിൽ നിരീക്ഷണം നടത്തുമെന്നും നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റികൾക്ക് റഫർ ചെയ്യുമെന്നും കുടിശ്ശിക പിരിച്ചെടുക്കാൻ ആരോഗ്യ സ്ഥാപനത്തിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.