കൊമേഴ്‌സ്യൽ ഏജൻസി നിയമം ലംഘിച്ചതിന് പതിമൂന്ന് കാർ ഏജൻസികൾക്ക് സൗദി വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. കൂടാതെ റിപ്പയർ സേവനം നൽകുന്നതുമായി ബന്ധപ്പെട്ടും സ്‌പെയർ പാർട്‌സ് ലഭ്യമാക്കുന്നതുമായും ബന്ധപ്പെട്ട നിയമാവലി പാലിക്കാത്തതിനും ഉപയോക്താക്കൾക്ക് വിൽപനാനന്തര സേവനം നൽകാത്തതിനും കൂടിയാണ് സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തിയത്.
അതേസമയം ഏജൻസികൾ സ്‌പെയർപാർട്‌സ് സ്ഥിരമായി ലഭ്യമാക്കണമെന്നും ഡിമാന്റ് വിരളമായ സ്‌പെയർ പാർട്‌സ് ഉപയോക്താവ് ഓർഡർ ചെയ്ത് പതിനാലു ദിവസത്തിനകം തന്നെ ലഭ്യമാക്കിയിരിക്കണമെന്നും കൊമേഴ്‌സ്യൽ ഏജൻസി നിയമം അനുശാസിക്കുന്നുണ്ട്. പ്രത്യേക സാങ്കേതിക സവിശേഷതകളോടെ പ്രത്യേകം നിർമിക്കേണ്ട സ്‌പെയർ പാർട്‌സുകൾ ന്യായമായ കാലയളവിനുള്ളിൽ ലഭ്യമാക്കാൻ ഏജൻസിയും ഉപയോക്താവും തമ്മിൽ ധാരണയിലെത്തുകയാണ് വേണ്ടതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.