സൗദിയിൽ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും അടുത്ത വർഷം ജൂൺ ഒന്നു മുതൽ വാണിജ്യ മേഖലയിൽ ജോലി ചെയ്യാനുള്ള ലൈസൻസ് ഉണ്ടായിരിക്കണമെന്ന് മുനിസിപ്പൽ റൂറൽ അഫയേഴ്സ് മന്ത്രാലയം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം 81 മേഖലകളിലുളളവര്‍ക്ക് പ്രഫഷണൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ നല്‍കുമെന്നും അറിയിപ്പ്.
ബാലാഡി പ്ലാറ്റ്‌ഫോം വഴി ലൈസൻസ് നൽകുകയും പുതുക്കുകയും ചെയ്യാനാകും. അതേസമയം കാര്യക്ഷമതയോടെ ജോലിചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും ഉണ്ടോയെന്നത് പരിശോധയ്ക്ക് വിധേയമാക്കുമെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്തെ വാണിജ്യ മേഖലയെയും നിക്ഷേപകരെയും പിന്തുണയ്ക്കുന്നതിനൊപ്പം ജീവിതനിലവാരം ഉയർത്തുന്നതിനും പദ്ധതി വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം സൗദിയിൽ ഗാർഹിക തൊഴിൽ കരാറുകൾക്ക് ഇൻഷുറൻസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പുനൽകിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.