രാജ്യാന്തര ഹജ് തീർഥാടകരുടെ ചെലവ് കുറച്ചതായി സൗദി ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ. 14 ലക്ഷം വിദേശ തീർഥാടകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. തീർഥാടന പാക്കേജുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാൻ നിരീക്ഷണം ശക്തമാക്കി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
കോവിഡ് കാലത്ത് ഏർപ്പെടുത്തിയ അധിക സുരക്ഷ ഒഴിവാക്കിയതും ചെലവ് കുറയാൻ കാരണമായി. ആഭ്യന്തര തീർഥാടകരുടെ ഹജ് പാക്കേജും കുറച്ചു. നിരക്ക് 3,984 സൗദി റിയാൽ മുതലാണ്.
തീർഥാടകരുടെ എണ്ണം കോവിഡിനു മുൻപുള്ള നിലയിലേക്ക് മടങ്ങിയതിനാൽ സേവനങ്ങളും വിപുലമാക്കിയെന്ന് മന്ത്രി സൂചിപ്പിച്ചു. യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരുടെ സൗകര്യാർഥം 7 ഭാഷകളിൽ നുസുക് ഹജ് പ്ലാറ്റ്‌ഫോം സേവനം വിപുലപ്പെടുത്തി. ഈ പ്ലാറ്റ്ഫോം വഴിയാണ് ഹജ്ജിനുള്ള ഫീസ് അടയ്ക്കേണ്ടത്. മികച്ച സേവനം നൽകുന്ന കമ്പനികൾക്ക് ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു.