സൌദിയിൽ ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം അപകടത്തിൽപ്പെട്ട് ആഞ്ച് പേർ മരിച്ചു. ഉംറ നിർവ്വഹിക്കാനായി പുറപ്പെട്ട സംഘത്തിൽപെട്ടവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.ഒരാൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിൻ്റെ ഭാര്യ ഖന്‍സ, മകള്‍ മറിയം (മൂന്ന് വയസ്), രാജസ്ഥാന് സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, അമ്മാര്‍ അഹ്മദ് (നാല് വയസ്) എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുറഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത സുഹൃത്തുക്കളായ അഹ്മദ് അബ്ദുറഷീദും മുഹമ്മദ് ഷാഹിദ് ഖത്രിയും റിയാദിലെ സുവൈദി ഡിസ്ട്രിക്റ്റിലെ സമീപവാസികളാണ്. ഒരു കാറിലാണ് ഇരുകുടുംബങ്ങളും വ്യാഴാഴ്ച മക്കയിലേക്ക് പുറപ്പെട്ടത്. എതിർവശത്തുനിന്ന് വന്ന കാറുമായി ഇവരുടെ കാർ കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കും.