സൗദി അറേബ്യയിൽ ഉയർന്ന അപകടസാധ്യതയുള്ള പകർച്ചവ്യാധികൾ നിരീക്ഷിക്കുന്നതിനും രോഗനിർണ്ണയത്തിനും സംഭാവന നൽകുന്ന മൊബൈൽ പകർച്ചവ്യാധി യൂണിറ്റ് (MIDU) ആരംഭിച്ചു. ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജെൽ ആണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖയ) യൂണിറ്റ് ജൈവ സുരക്ഷയുടെ മൂന്നാം തലത്തിലാണ് പദ്ധതിയുടെ രൂപീകരണം. കൂടാതെ ബയോസേഫ്റ്റി ലെവൽ 3 (ബിഎസ്എൽ -3)യിലൂടെ എല്ലാ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ആവശ്യമായ സംവിധാനങ്ങളും ഉള്ള ഒരു മൊബൈൽ ലബോറട്ടറി സംവിധാനവും പ്രവർത്തനത്തിനായി സജ്ജമാക്കും.
അന്താരാഷ്ട്ര മാനദണ്ഡങ്ങളും ജൈവ സുരക്ഷയ്ക്കും വേണ്ടിയുള്ള ആവശ്യകതകളും മൊബൈൽ യൂണിറ്റ് പാലിക്കുന്നുണ്ട്. യൂണിറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ കേഡറുകളും യോഗ്യതയുള്ളവരാണെന്ന് അതോറിറ്റി പറഞ്ഞു. ഉയർന്ന കണ്ടെയ്‌ൻമെന്റ് ലബോറട്ടറികളുടെ മേഖലയിലെ വികസിത അന്താരാഷ്ട്ര കേന്ദ്രങ്ങളിൽ അവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
ആരോഗ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനോടൊപ്പം പകർച്ചവ്യാധികൾ നിരീക്ഷിക്കുന്നതിനുള്ള സൗദി അറേബ്യയുടെ സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും യൂണിറ്റ് സംഭാവന ചെയ്യുമെന്ന് അതോറിറ്റി അറിയിച്ചു. ആരോഗ്യമേഖലയിലെ പരിവർത്തന പരിപാടിയുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾക്കിടയിലാണ് ഈ പദ്ധതിയുടെ തുടക്കം. ഇത് ആരോഗ്യ അപകടങ്ങൾ തടയുമെന്നാണ് വിലയിരുത്തുന്നത് എന്നും അതോറിറ്റി പറഞ്ഞു.