ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ ഒരു സുവർണാവസരം. സൗദി അറേബ്യയിൽ ഹജ്ജ് സീസണൽ ജോലിക്കായി താൽക്കാലിക ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ് സൗദി മാനവവിഭവശേഷി മന്ത്രാലയം.
ഹജ്ജ് സീസണൽ ജോലിയിൽ ഏർപ്പെടാൻ താത്പര്യമുള്ള സ്വദേശികൾക്കും വിദേശികൾക്കും ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും. ഇതിനായി മന്ത്രാലയത്തിന് കീഴിൽ അജീർ അൽഹജ്ജ് എന്ന പേരിൽ പ്രത്യേക പോർട്ടലും ആരംഭിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും യോഗ്യതയും പ്രവർത്തനപരിചയവും കണക്കാക്കിയാണ് നിയമനം നൽകുക.
തീർത്ഥാടനത്തിനെത്തുന്ന വിശ്വാസികൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് പദ്ധതി. ജോലി ലഭിക്കുന്നവർക്ക് ഹജ്ജ് പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ അതാത് സ്ഥാപനങ്ങൾ ശരിയാക്കി നൽകുകയും ചെയ്യും. അതേസമയം, ജോലിയിൽ പ്രവേശിച്ച ശേഷം മന്ത്രാലയത്തിൻ്റെയും നിയമിക്കുന്ന സ്ഥാപനത്തിന്റെയും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴയുൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.