സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സൗദി അറേബ്യയും ഇറാഖും ബാഗ്ദാദിൽ ഒരു ബില്യൺ ഡോളറിൻ്റെ ഷോപ്പിംഗ് ഡിസ്ട്രിക്റ്റ് വികസിപ്പിക്കാൻ നീക്കം. ഇറാഖിലെ കിംഗ്ഡം അംബാസഡർ അബ്ദുൽ അസീസ് അൽ ഷമ്മാരിയാണ് ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് ബാഗ്ദാദ് അവന്യൂ പദ്ധതി നിർമിക്കുകയെന്ന് അബ്ദുൽ അസീസ് അൽ ഷമ്മാരി ഇറാഖി വാർത്താ ഏജൻസിയോട് പറഞ്ഞു. റെസ്റ്റോറൻ്റുകൾ, ഷോപ്പുകൾ, വാണിജ്യ ഓഫീസുകൾ, 4,000 അപ്പാർട്ടുമെൻ്റുകൾ, 2,500 വില്ലകൾ എന്നിവയുള്ള ഇറാഖിലെ ഏറ്റവും വലിയ ഷോപ്പിംഗ് ജില്ലയായിരിക്കും നിർമ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
റിയാദും ബാഗ്ദാദും തമ്മിലുള്ള ബന്ധം വിപുലമാക്കാനുളള നീക്കങ്ങളും തുടരുകയാണ്. വാതക മേഖലയിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന് അരാംകോ ഉൾപ്പെടെയുള്ള സൗദി കമ്പനികളുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാഖ് അറിയിച്ചു. ആരോഗ്യ രംഗത്തെ സഹകരണത്തിനായി കിംഗ് സൽമാൻ മെഡിക്കൽ സെൻ്ററിൽ നിന്നുള്ള സംഘം ബാഗ്ദാദിലെത്തി ഇറാഖി ഡോക്ടർമാരുമായി കൂടിക്കാഴ്ചയും നടത്തിക്കഴിഞ്ഞു.
രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സാംസ്കാരിക കൂടിക്കാഴ്ചകളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അൽ ഷമ്മാരി പറഞ്ഞു. 1990-ൽ സദ്ദാം ഹുസൈൻ്റെ സൈന്യം കുവൈറ്റ് ആക്രമിച്ചതിനെത്തുടർന്നാണ് സൌദിയും ഇറാഖുമായുള്ള ബന്ധം വഷളായത്. എന്നാൽ 2016 മുതൽ ബന്ധം ശക്തമാക്കാനുളള നടപടികൾ ആരംഭിച്ചിരുന്നു.