കെപിസിസി അംഗവും കണ്ണൂർ മുൻ ഡിസിസി അധ്യക്ഷനുമായിരുന്ന സതീശൻ പാച്ചേനി(54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച പാച്ചേനി അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്‌സഭ സീറ്റിലും മത്സരിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരൻ- മാനിച്ചേരി നാരായണി ദമ്പതികളുടെ മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനിയുടെ ജനനം.
അടിയന്തരാവസ്ഥക്കാലത്ത് 1977–78 ലെ ഗുവാഹത്തി എഐസിസി സമ്മേളനത്തിൽ എ.കെ.ആൻ്റണി നടത്തിയ പ്രസംഗം വാർത്തയിലൂട അറിഞ്ഞതോടെ സ്കൂൾ വിദ്യാർഥിയായിരുന്ന പാച്ചേനി കോൺഗ്രസിലേക്ക് ആകർഷിക്കപ്പെട്ടു. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് 1999 ൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുമെത്തി. കണ്ണൂരിൽ നിന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയാണ് സതീശൻ പാച്ചേനി.
കമ്യൂണിസ്‌റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കെഎസ്‌യുവിൽ ചേർന്നതോടെ തറവാട്ടിൽ നിന്നു പതിനാറാം വയസ്സിൽ പടിയിറക്കി. റേഷൻ കാർഡിൽ നിന്ന് പേരു വെട്ടി. എന്നിട്ടും തൻ്റെ തീരുമാനത്തിൽ നിന്ന് പാച്ചേനി മാറിയില്ല.
സതീശൻ പാച്ചേനിയുടെ തെരഞ്ഞെടുപ്പിലെ ആദ്യ മത്സരം വലിയ എതിരാളികളോടായിരുന്നു. നിയമസഭയിലേക്കു രണ്ടു വട്ടം മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പിൽ എം.വി.ഗോവിന്ദനെതിരെയും പാച്ചേനിയെ കോൺഗ്രസ് സ്ഥാനാർഥിയായി നിയോഗിച്ചു.മത്സരിച്ച എല്ലായിടത്തും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പാച്ചേനിക്ക് പരാജയം രുചിക്കേണ്ടി വന്നു. കണ്ണൂർ മണ്ഡലത്തിൽ അവസാനത്തെ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും മൽസരിച്ചെങ്കിലും ജയം ഒഴിഞ്ഞുനിന്നു.